ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിക്കുന്നു; വാക്‌സിൻ വിതരണത്തിന് തയ്യാറെടുത്ത് സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണം ആരംഭിച്ചു. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ ആദ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വിവരശേഖരണം.
ഐസിഎംആറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തും വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർ, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. ഇതിന് അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കാൻ സംസ്ഥാന നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്
അടുത്ത ഘട്ടമായി ജില്ലാ മെഡിക്കൽ ഓഫീസർമാർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഇതിൽ ആരോഗ്യവകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നിയമിക്കും. ഇവർക്കാകും ഡാറ്റ ശേഖരിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം. ആരോഗ്യപ്രവർത്തകന്റെയും പേര്, വയസ്സ്, ജനന തീയതി, തിരിച്ചറിയൽ കാർഡ്, മൊബൈൽ നമ്പർ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്.
അടുത്ത ഘട്ടത്തിൽ പ്രായമായവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് വാക്‌സിൻ നൽകും. വാക്‌സിൻ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സ്റ്റോറേജ് സംവിധാനങ്ങളും ഒരുക്കി തുടങ്ങി.