കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ സ്ഥാപിച്ചു
ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ ഇടപെടല്‍ മൂലമാണ് അത്യാധുനിക വെന്റിലേറ്ററുകള്‍ ലഭ്യമായത്.
മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ 75 ലക്ഷം രൂപ ചെലവില്‍ നല്‍കിയ 10 വെന്റിലേറ്ററുകളാണ് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഞ്ചും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൂന്നും പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ രണ്ടും ഐസിയു വെന്റിലേറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ ഇടപെടല്‍ മൂലമാണ് അത്യാധുനിക വെന്റിലേറ്ററുകള്‍ ലഭ്യമായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി വിവിധ സ്ഥാപനങ്ങളും സംഘടനകളും 1.13 കോടി രൂപയുടെ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍, അജ്ഫാന്‍ ഗ്രൂപ്പ്, കെ.എം.സി.സി എന്നിവരാണ് കോവിഡ് രോഗികള്‍ക്കുള്ള വെന്റിലേറ്ററുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ഐ.സി.യു ബെഡുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയത്.
കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദി സൂചകമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള വിഹിതം ജില്ലാ ഭരണകൂടത്തിനായി മാറ്റിവച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് 24.75 ലക്ഷം രൂപയുടെ 2,300 പള്‍സ് ഓക്‌സി മീറ്ററുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്.
പ്രമുഖ വ്യാപാര സ്ഥാപനമായ അജ്ഫാന്‍ ഗ്രൂപ്പ് ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി 11 ലക്ഷം രൂപയുടെ 30 ഐ.സി.യു ബെഡുകളും കെ.എം.സി.സി അബുദാബി ഘടകം പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങല്‍ രണ്ട് ലക്ഷം രൂപ വില വരുന്ന ആറ് ഐ.സി.യു ബെഡുകളുമാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്.