തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 33,54,658 വോട്ടര്‍മാര്‍

അന്തിമ വോട്ടര്‍ പട്ടികയില്‍ 17,25,455 സ്ത്രീകളും 16,29,154 പുരുഷന്മാരും

മലപ്പുറം:തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വട്ടര്‍ പട്ടികയനുസരിച്ച് മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 33,54,658 വോട്ടര്‍മാര്‍. പ്രവാസികളും ട്രാന്‍സ്ജെന്റര്‍ വിഭഗത്തിലുള്ളവരുമുള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ 27,51,535 വോട്ടര്‍മാരും നഗരസഭകളില്‍ 6,03,123 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരും വനിതകളാണ്. ഗ്രാമ പഞ്ചായത്തുകളില്‍ 14,18,187 പേരും നഗരസഭകളില്‍ 3,07,268 പേരുമുള്‍പ്പെടെ 17,25,455 പേരാണ് വനിതാ വോട്ടര്‍മാര്‍. 16,29,154 പുരുഷ വോട്ടര്‍മാരില്‍ 13,33,323 പേര്‍ ഗ്രാമ പഞ്ചായത്തുകളിലും 2,95,831 പേര്‍ നഗരസഭകളിലും ഉള്‍പ്പെടുന്നു. ആകെ വോട്ടര്‍മാരില്‍ 49 പേര്‍ ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിലുള്ളവരുമാണ്.

 

ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ അങ്ങാടിപ്പുറത്തും കുറവ് മക്കരപ്പറമ്പിലുമാണ്. അങ്ങാടിപ്പുറത്ത് 46,602 വോട്ടര്‍മാരില്‍ 24,189 പേര്‍ വനിതകളും 22,413 പേര്‍ പുരുഷന്‍മാരുമാണ്. മക്കരപ്പറമ്പില്‍ 15,506 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 8,059 വനിതകളും 7,447 പുരുഷന്മാരും ഉള്‍പ്പെടുന്നു. വനിതാ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തില്‍ തന്നെയാണ് കൂടുതല്‍. ഈ രണ്ട് വിഭാഗങ്ങളിലും കുറവ് വോട്ടര്‍മാരുള്ളത് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്തിലുമാണ്. ഗ്രാമ പഞ്ചായത്തുകളില്‍ 25 പേരും നഗരസഭകളില്‍ 24 പേരുമാണ് ട്രാന്‍സ്ജെന്റര്‍ വിഭാഗക്കാര്‍.