ശബരിമല; മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും.

ശബരിമല:ചിത്തിരആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ശബരിമലക്ഷേത്രനടയടച്ചു. ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക.

 

ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാർമ്മികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.