പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ അവരുടെ നേട്ടങ്ങള്‍, നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ചുമരെഴുത്തുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍, എല്‍.ഇ.ഡി. ഡിസ്‌പ്ലെ എന്നിവ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും മതിലുകളിലും സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് പെരുമാറ്റച്ചട്ട ലംഘനം നടത്തിയവര്‍ 48 മണിക്കൂറിനുള്ളില്‍ സ്വന്തം ചെലവില്‍ അവ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം അതത് ബന്ധപ്പെട്ട വകുപ്പുകളും പൊതു സ്ഥാപനങ്ങളും പരസ്യങ്ങളും മറ്റും നീക്കം ചെയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.