വോട്ടിങ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി. ത്രിതല പഞ്ചായത്ത്, നഗരസഭകള്‍ എന്നിവയുടെ തെരഞ്ഞെടുപ്പുകള്‍ക്കായി 15,623 ബാലറ്റ് യൂനിറ്റുകളും 5,589 കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് എത്തിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ 14,937 ബാലറ്റ് യൂനിറ്റുകളും 4,922 കണ്‍ട്രോള്‍ യൂനിറ്റുകളുമാണുള്ളത്. പഞ്ചായത്ത് തലത്തില്‍ ഓരോ ബൂത്തിലും ഒരു കണ്‍ട്രോള്‍ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളും അടങ്ങിയ വോട്ടിങ് മെഷീനാണ് സജ്ജീകരിക്കുക. മുന്‍സിപ്പാലിറ്റികളിലേക്കുള്ള സിംഗിള്‍ പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ 686 ബാലറ്റ് യൂനിറ്റുകളും 667 കണ്‍ട്രോള്‍ യൂനിറ്റുകളുമാണുള്ളത്. ജില്ലയില്‍ 3459 പോളിങ് ബൂത്തുകള്‍ ഗ്രാമപഞ്ചായത്ത് തലത്തിലും 516 പോളിങ് ബൂത്തുകള്‍ നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനും സജ്ജീകരിച്ചിട്ടുണ്ട്.