കളിക്കളത്തിൽ നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി കേരള വനിതാ ഫുട്ബോൾ താരം ജംഷീന

മലപ്പുറം: വിജയം മാത്രം ലക്ഷ്യമിട്ടാണ് വനിതാ ഫുട്ബോള്‍ താരം ജംഷീന മലപ്പുറം നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. മലപ്പുറം നഗരസഭ 13 -ാം വാര്‍ഡ് കാളമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കേരള വനിത ഫുട്ബോള്‍ ടീം താരം ജംഷീന ഉരുണിയന്‍പറമ്പില്‍. പ്രതിരോധ താരമായ ജംഷീന തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇറങ്ങുന്നത് ഇതാദ്യമായാണ്.

 

2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ജംഷീന സംസ്ഥാനത്തിന് വേണ്ടി ബൂട്ടണിഞ്ഞു. 2016 – ല്‍ കേരള ഫുട്ബോള്‍ അസോസിയേഷന്റെ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ വനിതാ താരം ടോബിന്‍ ഹീത്താണ് ഇഷ്ടതാരം. തിരുവല്ല മാര്‍ത്തോമ കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി സിദ്ദിഖ് – ജമീല ദമ്പതികളുടെ മകളായ ജംഷീന രണ്ട് വര്‍ഷംമുമ്പാണ് വിവാഹംകഴിച്ച് മലപ്പുറത്ത് എത്തിയത്. സ്വകാര്യകമ്പനിയില്‍ അക്കൗണ്ടന്റായ ഷെമീന്‍ സാദ് ആണ് ഭര്‍ത്താവ്. ഭര്‍തൃപിതാവ് മജീദ് ഉരുണിയന്‍പറമ്പില്‍ മുന്‍ നഗരസഭാ അംഗമാണ്.