സ്വർണക്കടത്ത് കേസ്; സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും. കള്ളപ്പണ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിലയിരുത്തല്‍. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് മാപ്പ് സാക്ഷിയായിരുന്നു.
അതേസമയം മറ്റുകേന്ദ്ര ഏജൻസികൾക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യും. ഹൈക്കോടതിയുടെ സ്റ്റേ അവസാനിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി അനുമതി ലഭിച്ച സാഹചര്യത്തിൽ കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും. സർക്കാരിനെതിരെയുള്ള ലൈഫ് മിഷന് അന്വേഷണം താല്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാല്‍ യുണിടാക്കിനെതിരെയുള്ള കേസില്‍ അന്വേഷണം തുടരാനും അനുമതി ലഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് വടക്കാഞ്ചേരി പദ്ധതിയില്‍ കമ്മീഷൻ ഇടപാട് നടന്നതായി സി.ബി.ഐക്കും സൂചന ലഭിച്ചത്. യുണിടാക്ക് എം.ഡി കമ്മീഷന് നല്കിയ വിവരം സി.ബി.ഐക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ ഐഫോണ്‍ അടക്കം കൈമാറിയതിന്റെയും തെളിവുകള്‍ ലഭിച്ചു. പിന്നാലെ ഇ.ഡിയുടെ കണ്ടെത്തലും നിർണായകമായി.
സ്റ്റേ തീരുന്ന ഡിസംബർ ആദ്യ വാരം തന്നെ ശിവശങ്കരനെ ചോദ്യംചെയ്യാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൌണ്ടന്റായ വേണുഗോപാലില്‍ നിന്നും സി.ബി.ഐ മൊഴിയെടുത്തു. മറ്റു അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴി സി.ബി.ഐക്കും വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണവും നടത്തിയിട്ടുണ്ട്. നേരത്തെ ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ്, തൃശൂർ കോർഡിനേറ്റർ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.