ദീപാവലി വ്യാപാരം 72000 കോടി

ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തെ ദീപാവലി വ്യാപാരം 72000 കോടിയുടേത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) പുറത്തുവിട്ട കണക്കാണിത്. 20 നഗരങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എ.ഐ.ടി വിറ്റുവരവ്‌ കണക്കാക്കിയത്.

 

ചില സംസ്ഥാനങ്ങള്‍ പടക്ക വില്‍പന നിരോധിച്ചത് 10,000 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് ചെറുകിട സംരംഭങ്ങളെ ബാധിക്കുകയും ചെയ്തുവെന്ന് സി.എ.ഐ.ടി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം ചെറുകിടക്കാര്‍ക്ക് ഗുണകരവുമായിട്ടുണ്ട്. ഇതിലൂടെ ചൈനക്ക് 40,000 കോടിയുടെ വ്യാപാര നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

വീട്ടുപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പാത്രങ്ങള്‍, മധുരപലഹാരങ്ങള്‍, പൂജാവസ്തുക്കള്‍ എന്നിങ്ങനെയുള്ളവയുടെ റെക്കോര്‍ഡ് വില്‍പനയാണ് ഈ വര്‍ഷം ഉണ്ടായത്. ആകെ വ്യാപാരത്തില്‍ 10.8 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി.