സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുകയാണ്. മാധ്യമ വാര്‍ത്തകളില്‍ പക്ഷാപാതിത്വമുണ്ടെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കൊവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പി.ആര്‍ വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി