വൈദ്യുതി കാലുകളിൽ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല : ജില്ലാ ഭരണകൂടം.
പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തോടൊപ്പം ചേര്‍ക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരസ്യങ്ങള്‍ പ്രദര്ശിപ്പിക്കുന്പോള് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
അധികാരികളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ വൈദ്യുതി പോസ്റ്റുകളിലോ മൊബൈല്‍ ടവറുകളിലോ ടെലിഫോണ്‍ പോസ്റ്റുകളിലോ തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ വരയ്ക്കുവാനോ എഴുതുവാനോ പാടില്ല.
നിലവിലുള്ള നിയമം അനുശാസിക്കുന്നതിനു വിരുദ്ധമായുള്ള പരസ്യങ്ങള്‍ ഉപയോഗിക്കരുത്. പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തോടൊപ്പം ചേര്‍ക്കണം. മറ്റൊരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാര്‍ഥിയുടെയോ നിയമാനുസൃതം സ്ഥാപിച്ചിട്ടുള്ള പരസ്യം വികൃതമാക്കുകയോ മലിനമാക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന രീതിയില്‍ തെരഞ്ഞെടുപ്പു പരസ്യം പ്രദര്‍ശിപ്പിക്കരുത്.
വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബീഭത്സ ചിത്രങ്ങള്‍ പ്രര്ശിപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ ഉപയോഗിക്കരുത്.
വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗ തടസം സൃഷ്ടിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതും കമ്മീഷന് വിലക്കിയിട്ടുണ്ട്.
നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകള്‍ക്കു കുറുകെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും മറ്റേതെങ്കിലും പൊതുസ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിലും പ്രചാരണ സാമഗ്രികള്‍ പ്രദര്ശിപ്പിക്കുവാന് പാടില്ല. വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്നരീതിയിലുള്ള പരസ്യങ്ങളോ ഹോര്‍ഡിംഗുകളോ നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും മറ്റും സ്ഥാപിക്കരുത്. പൊതുജനങ്ങളുടെയോ വാഹനങ്ങളുടെയോ സുരക്ഷയ്ക്കു ഭീഷണിയാകുന്ന രീതിയില്‍ തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും പാടില്ല.