ആന്‍റി ഡീഫേസ്മെന്‍റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പ്രചാരണ സാമഗ്രികള്‍ സ്‌ക്വാഡ് നേരിട്ട് നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ടവരില്‍നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, പൊതുയോഗങ്ങള്‍ എന്നിവ സ്‌ക്വാഡ് പരിശോധിക്കും. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളും നിരീക്ഷിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവയ്ക്കാനും നിരോധിത വസ്തുക്കള്‍കൊണ്ടുള്ള പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പ്രചാരണ സാമഗ്രികള്‍ സ്‌ക്വാഡ് നേരിട്ട് നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ടവരില്‍നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മനാണ് ജില്ലാതലത്തില്‍ ആന്റി ഡീഫേസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തഹസില്‍ദാര്‍മാരാണ് താലൂക്ക് തല നോഡല്‍ ഓഫിസര്‍മാര്‍.