വ്യാജവാര്‍ത്തകള്‍; എങ്ങനെയാണ് നിലവില്‍ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യമുയര്‍ത്തി സുപ്രിംകോടതി. ടെലിവിഷന്‍ ചാനലുകള്‍ വഴി പുറത്തുവരുന്ന വ്യാജവാര്‍ത്തകള്‍ എങ്ങനെയാണ് നിലവില്‍ കൈകാര്യംചെയ്യുന്നതെന്നും അതിന് നിലവില്‍ എന്തെങ്കിലും സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. വിവിധ കാലങ്ങളില്‍ വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി പുറപ്പെടുവിച്ച ഉത്തരവുകള്‍ ശേഖരിച്ച് സത്യവാങ് മൂലത്തില്‍ ഉള്‍പ്പെടുത്ത നടപടിയില്‍ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു.

 

 

ടെലിവിഷന്‍ ചാനലുകള്‍ ജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ഇത്തരം ചാലനുകള്‍ വഴി വരുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികളോ സംവിധാനമോ ഉണ്ടോ എന്നാണ് അറിയേണ്ടത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ എന്താണ് ചെയ്യുന്നതെന്നും അറിയണം- ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞു.