ഡൽഹി വീണ്ടും ലോക്ക്ഡൗണിലേക്ക്

ഡല്‍ഹിയില്‍ ഇന്നു മുതല്‍ കൊവിഡ് പരിശോധന വ്യാപകമാക്കുന്നു.

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ എൽപ്പെടുത്താ‍ൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു .

ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയത്. ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ 200 അതിഥികൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ നിലവിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.

അതേസമയം കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്നു മുതല്‍ കൊവിഡ് പരിശോധന വ്യാപകമാക്കുന്നു. ഡല്‍ഹി-നോയിഡ റൂട്ടില്‍ യാത്ര ചെയ്യുന്നവരെ റാന്‍ഡം അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി തിരഞ്ഞെടുക്കുക.