വീണ്ടും സ്വർണ്ണ കടത്ത്; യുവതികളടക്കം 4 പേര്‍ പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽ നിന്നായി 2.773 കിലോ സ്വർണമിശ്രിതവും 217 ഗ്രാം സ്വർണവും പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി എം. ഖാലിദ്, തൃശ്ശൂർ സ്വദേശിനി കെ.എ. ഹസീന, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിനി, പാലക്കാട് സ്വദേശി ടി. നാസർ എന്നിവരാണ് പിടിയിലാത്.

ഖാലിദിന്റെ പക്കൽ നിന്ന് 840 ഗ്രാം സ്വർണ മിശ്രിതവും ഹസീനയിൽ നിന്ന് 1.108 കിലോ സ്വർണ മിശ്രിതവും മലപ്പുറം സ്വദേശിനിയിൽ നിന്ന് 825 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്. നാസറിന്റെ പക്കൽ നിന്ന് 217 ഗ്രാം തൂക്കം വരുന്ന സ്വർണമാലയും.

ഖാലിദ് സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഹസീന സ്വർണമിശ്രിതം പ്ലാസ്റ്റിക് കവറിലാക്കി അടിവസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. നാസർ സ്വർണമാല പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതി സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) വിഭാഗവും മറ്റു മൂന്നുപേരെ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവുമാണ് പിടികൂടിയത്.