ചരിത്രത്തിൽ ഇടം നേടി സുധീഷ്

ജയിച്ചുവന്നാല്‍ ആദിവാസികളുടെ സമഗ്രമായ പുരോഗതിക്കായി പ്രവര്‍ത്തിക്കും.

മലപ്പുറം: ചരിത്രത്തിലാദ്യമായി ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് 21 വയസ്സുകാരനായ സുധീഷ്. 8 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ നടന്നും വാഹനത്തിലുമായി സഞ്ചരിച്ചാണ് l സുധീഷിന്റെ വീട്ടിലെത്തിയത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിലാണ് എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായി സുധീഷ് മത്സരിക്കുന്നത്. ജയിച്ചുവന്നാല്‍ ആദിവാസികളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നാണ് സുധീഷിന്റെ വാഗ്ദാനം.

 

130 ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന അരളിക്കല്‍ ആദിവാസി കോളനിയിലെ പണി പൂര്‍ത്തിയാകാത്ത വീടാണ് ഈ സ്ഥാനാര്‍ത്ഥിയുടേത്. പ്ലസ്ടു പാസ്സായി കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരിമിതിമൂലം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ അങ്ങനെയൊരു സ്ഥിതി വരുന്ന തലമുറക്ക് ഉണ്ടാകരുതെന്നാണ് ഈ ഇരുപത്തി ഒന്നുകാരന്‍ സ്ഥാനാര്‍ത്ഥിയുടെ ആഗ്രഹം. ജയിച്ചുവന്നാല്‍ ആദിവാസികളുടെ സമഗ്രമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് സുധീഷ് പറയുന്നു.

ഗുഹാവാസികളായിരുന്ന ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന സുധീഷിന് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യപിച്ചിരിക്കുകയാണ് കോളനിവാസികള്‍. ‘തങ്ങള്‍ക്ക് ചോദിക്കാനും പറയാനും ഒരാള്‍ ആവുമല്ലോ’ എന്നാണ് ആദിവാസി മൂപ്പന്റെ പ്രതികരണം. സുധീഷിന്റെ വിജയം ഉറപ്പാണെന്നും ഇവര്‍ വിശ്വസിക്കുന്നു.

 

ചെറുമഴയത്തും ചോര്‍ന്നൊലിക്കുന്ന കൂരകളും അതിനുള്ളില്‍ ദുരിതങ്ങളും മാത്രമായി കഴിയുന്ന ആദിവാസി വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സുധീഷിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് എല്‍ഡിഫ് പറയുന്നു.

സുധീഷ് (ഫോട്ടോ രാജു മുള്ളമ്പാറ)

വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത ജീവിതപ്രശ്‌നങ്ങള്‍ക്ക് സുധീഷിന്റെ വിജയത്തിലൂടെ അവസാനമുണ്ടാകുമെന്ന് ആദിവാസികളും വിശ്വസിക്കുന്നു.