50ലധികം കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റു

 

10 വർഷത്തിനിടെ 50ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തര്‍പ്രദേശില്‍ സർക്കാർ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍ രാംഭവനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാര്‍വിയില്‍ 2009 മുതല്‍ സിവില്‍ എഞ്ചിനീയറാണ് രാംഭവന്‍.

 

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, എന്നിട്ട് കുട്ടികളുടെ ഫോട്ടോകളും ദൃശ്യങ്ങളും ഓണ്‍ലൈന്‍ വഴി പിഡോഫീലുകള്‍ക്ക് വില്‍ക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചെയ്തത്. 5നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബാന്ദ. ചിത്രകൂട്, ഹാമര്‍പൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.

ബാന്ദയില്‍ നിന്ന് അറസ്റ്റ് ചെയ്ത രംഭവന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ടേക്കും. ഇയാൾ തനിച്ചല്ല കുറ്റകൃത്യം നടത്തിയതെന്നാണ് സിബിഐയുടെ നിഗമനം. പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിൽ 8 മൊബൈൽ ഫോണുകൾ, 8 ലക്ഷം രൂപ, ലൈംഗിക കളിപ്പാട്ടങ്ങൾ, ലാപ്‌ടോപ്പ്, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ കണ്ടെത്തി.

പ്രതിയുടെ ഇ-മെയില്‍ പരിശോധിച്ചപ്പോള്‍ വിദേശ പൌരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുട്ടികളുടെ ദൃശ്യങ്ങള്‍ കൈമാറിയിരുന്നുവെന്ന് വ്യക്തമായി.