ദോഹ വിമാനത്താവളത്തില്‍ ഹാന്‍ഡ് ബാഗേജ് പരിശോധനക്കായി നൂതന സാങ്കേതിക വിദ്യ

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രീഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട് ഒപ്പിയെടുക്കാന്‍ കഴിയുന്ന അത്യാധുനിക എക്സ്റേ മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്.

ബാഗേജ് പരിശോധന കൂടുതല്‍ വേഗതയും കൃത്യതയുമുള്ളതാക്കുകയും കള്ളക്കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണമായി തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്‍റുകളില്‍ പുതിയ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി എക്സ്റേ മെഷീനുകള്‍ സ്ഥാപിച്ചത്. നിമിഷ നേരം കൊണ്ട് ബാഗേജിനകത്തുള്ളവയുടെ നൂറില്‍ പരം ത്രീഡി ഫോട്ടോകള്‍ എടുക്കാന്‍ കഴിവുള്ള ഹൈ സ്കാന്‍ സിടിഎക്സ് മെഷീനാണ് പുതിയ സ്ക്രീനിങ് സംവിധാനത്തിന്‍റെ ഹൈലൈറ്റ്.

ബാഗേജുകളെ കൂടുതല്‍ വേഗത്തില്‍ മെഷീനിലേക്കെത്തിക്കുന്ന പുതിയ കണ്‍വെയര്‍ ബെല്‍റ്റും സംവിധാനത്തിന് കരുത്തേകുന്നു. ഹാന്‍ഡ് ബാഗിനുള്ളിലെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ക്രീനിങ് സമയത്ത് പുറത്ത് എടുത്ത് പരിശോധിക്കുന്ന രീതിയായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ പുതിയ സംവിധാനം ആവിഷ്കരിച്ചതോടെ ബാഗിനുള്ളിലെ ഇലക്ട്രോണിക് വസ്തുക്കള്‍ പുറത്തെടുക്കാതെ തന്നെ പരിശോധിക്കപ്പെടും. സ്ക്രീനിങ് ഏരിയയിലുണ്ടാകുന്ന തിരക്കും ക്യൂവും കുറയ്ക്കാനും പുതിയ സംവിധാനം വഴി സാധിക്കും. കോവിഡ് സാഹചര്യത്തില്‍ ബാഗേജ് ട്രേകള്‍ കൃത്യമായി അണുവിമുക്തമാക്കി സൂക്ഷിക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിന്‍റെ പ്രത്യേകതയാണ്