ഡാറ്റ തീര്‍ത്തതിന് ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു

ലക്നൗ: മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് തീര്‍ത്തതിന് അരിശം പൂണ്ട ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ രാമന്‍ ആണ് കൊലപാതകം നടത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു. രാമന്‍ ഇളയ സഹോദരന്‍ റോയിയെ വിളിച്ച് ടെറസിലേക്കു പോവുകയായിരുന്നു. ഇവിടെ വച്ച് മൊബൈല്‍ ഡാറ്റ ഉപയോഗിച്ചു തീര്‍ത്തതിന് അനിയനെ വഴക്കു പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസ് പറയുന്നത്.

നെഞ്ചില്‍ അനിയനെ പലവട്ടം കുത്തിയ രാമന്‍ സ്ഥലം വിട്ടു. വീട്ടുകാര്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്ന റോയിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് രാമനെ അറസ്റ്റ് ചെയ്തത്. സ്ഥലം വിടാനായിരുന്നു പദ്ധതി. രാമന് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.