പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.

കേസില്‍ അധ്യാപകന് വിചാരണക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിനായിരുന്നു നേരത്തെ അന്വേഷണചുമതല. പെണ്‍കുട്ടിയുടെ കുടുംബം ഐജി ശ്രീജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണസംഘത്തെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തളിപറമ്പ ഡിവൈഎസ്പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. രണ്ട് വനിത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്.

ബിജെപി അധ്യാപകന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഇരയുടെ മാതാവിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞുകൃഷ്ണന്‍ നേരത്തെ ഉത്തരവിട്ടത്. അന്വേഷണമേല്‍നോട്ട ചുമതലുള്ള ഉദ്യോഗസ്ഥന്‍ ഐജി ശ്രീജിത്തിനെയും പ്രത്യേക സംഘാംഗങ്ങളേയും മാറ്റാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഐജി റാങ്കില്‍ കുറയാത്ത പുതിയ ഉദ്യോഗസ്ഥനെ രണ്ടാഴ്ചകൊണ്ട് നിയമിക്കാന്‍ കോടതി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഐജിയുടെ നേതൃത്യത്തില്‍ നടക്കുന്ന അന്വേഷണത്തെ സ്വാധീനിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടോയെന്ന് സംശയമുള്ളതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ അധ്യാപകന് വിചാരണക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.