പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.

ബന്ധുവായ പത്താംക്ലാസുകാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യം പരാതി ലഭിച്ചത്.

കണ്ണൂര്‍: തളിപ്പറമ്പ് കുറുമാത്തൂരില്‍പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ബന്ധുവായ പത്താംക്ലാസുകാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യം പരാതി ലഭിച്ചത്. വിശദമായി മൊഴിയെടുത്തപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്നും ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി പത്താം ക്ലാസുകാരന്റെ പേര് പറഞ്ഞതെന്നും പൊലീസ് കണ്ടെത്തിയത്.

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. ഇയാള്‍ ലോക്ക്ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. 2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം ബന്ധുവായ പത്താംക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങള്‍ പൊലീസിന് സംശയമുയര്‍ത്തി. തുടര്‍ന്ന് വനിതാ പൊലീസുകാരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് സംസാരിച്ചപ്പോഴാണ് പിതാവ് പലതവണയായി പീഡനത്തിന് ഇരയാക്കിയതായി കുട്ടി വെളിപ്പെടുത്തിയത്.

പിതാവിന്റെ ഭീഷണി കാരണമാണ് പത്താം ക്ലാസുകാരന്റെ പേര് പറഞ്ഞതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്‍പിലും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതിയെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങിയത്. ഇന്ന് രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു