സോളാര്‍; രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനം.

മുന്‍ മന്ത്രിമാരടക്കം പലരും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു, പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.

സോളാര്‍ പീഡന പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനം. ഈ മാസം 26ന് എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നല്‍കാന്‍ പരാതിക്കാരിക്ക് സമന്‍സ് അയച്ചു. മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലൈംഗിക പീഡന പരാതികളില്‍ അന്വേഷണം നടന്നു വരുകയാണ്. മുന്‍ മന്ത്രിമാരടക്കം ഒട്ടേറെ പേര്‍ ഈ കേസില്‍ ആരോപണ വിധേയരാണ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കി നല്‍കുന്നതിനായി രാഷ്ട്രിയ നേതാക്കന്മാരടക്കം പലരും തന്റെ കയ്യില്‍ നിന്ന് കോഴ വാങ്ങിയെന്നും, മുന്‍ മന്ത്രിമാരടക്കം പലരും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.

കേസില്‍ മൂന്നാഴ്ച മുമ്പ് പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലാണ് മുന്‍ മന്ത്രി എപി അനില്‍ കുമാറിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ പരാതിക്കാരി നടത്തിയത്. ഇതിനെ തുടര്‍ന്നാണ് അനില്‍കുമാറിനെതിരായ ആരോപണത്തില്‍ രഹസ്യ മൊഴി എടുക്കാന്‍ തീരുമാനമായിരിക്കുന്നത്.

പരാതിക്കാരിയുടെ രഹസ്യമൊഴി എപി അനില്‍കുമാറിന് നിര്‍ണായകമാവും. അനില്‍കുമാര്‍ മന്ത്രിയായിരിക്കെ വിവാദത്തിലുള്‍പ്പെട്ട സ്ത്രീയെ വിവിധ സ്ഥലങ്ങളില്‍കൊണ്ടുപോയി പീഢിപ്പിച്ചതായി സോളാര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2019ല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മൊഴി നല്‍കാതെ കാലതാമസമുണ്ടാകുകയായിരുന്നു