പ്രതിപക്ഷ നേതാവിനെതിരായ വിജിലന്‍സ് കേസ്; ഏജന്‍സിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയനാടകം ജനം തിരിച്ചറിയും; കെ പി എ മജീദ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എല്ലാ ഏജന്‍സികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിണറായി സര്‍ക്കാര്‍ വീണ്ടും കുത്തിപ്പൊക്കുകയാണ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള സിപിഐഎമ്മിന്റെ അവസാന വട്ട ശ്രമം മാത്രമാണിതെന്നും കെ പി എ മജീദ്.

എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ യുഡിഎഫ് നേതാക്കളുടെ ലിസ്റ്റെടുത്ത് സ്വന്തം അന്വേഷണ ഏജന്‍സികളെ വച്ച് സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് മജീദ് ചൂണ്ടിക്കാട്ടി. സിപിഐഎം നേതാക്കള്‍ക്കെതിരെ നല്‍കുന്ന ഒരു വിജിലന്‍സ് ഒരു കേസും പരിഗണിക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ അഴിമതിക്കേസുമൊക്കെ അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചിട്ടും കേസ് മുന്നോട്ടുപോകുന്നതിന്റെ ജാള്യതയിലാണ് സര്‍ക്കാരെന്നും മജീദ്.

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമോ എന്ന ഭയമാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഈ നാണംകെട്ട കളിക്ക് പ്രേരിപ്പിക്കുന്നതെന്ന് മജീദ് പറഞ്ഞു. രണ്ട് മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ 200 ഏക്കര്‍ ബിനാമി ഭൂമിയുണ്ടെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നാകെ അഴിമതിക്കാരാണെന്ന് തെളിഞ്ഞതോടെ ആ നാണക്കേട് മറച്ചുവെക്കാനാണ് പ്രതിപക്ഷ നേതാവിനെയും എംഎല്‍എമാരെയും കള്ളക്കേസില്‍ കുടുക്കുന്നത്. ജനത്തിന്റെ ബുദ്ധിയെ പരിഹസിക്കുന്നതിന് തുല്യമാണിത്. ഈ കള്ളക്കളികള്‍ കൊണ്ടൊന്നും സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും കെ പി എ മജീദ് പറഞ്ഞു.

 

kpa-majeed

 

ബാര്‍ കോഴക്കേസ് ഒതുക്കാന്‍ ജോസ് കെ മാണി തനിക്ക് പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താത്ത സര്‍ക്കാരാണ് ഈ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്നത്. ഇതുകൊണ്ടൊന്നും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വിജിലന്‍സിനെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയനാടകം ജനം തിരിച്ചറിയും അദ്ദേഹം പറഞ്ഞു.