സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം.

ജോലി ചെയ്യുന്ന സ്വകാര്യ ലാബില്‍ വെച്ചാണ് അക്രമം നടന്നത്.

കോഴിക്കോട്: മുക്കത്ത് സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. പോലിസ് അന്വേഷണം ആരംഭിച്ചു. മുക്കം നഗരസഭയിലെ ഡിവിഷന്‍ 5ലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി നൗഫലിന്റെ ഭാര്യ ഷാനിദക്കു നേരെയാണ് അക്രമം.ഇന്ന് രാവിലെ 7.45 ഓടെ തിരുവമ്പാടിയില്‍ ജോലി ചെയ്യുന്ന സ്വകാര്യ ലാബില്‍ വെച്ചാണ് അക്രമം നടന്നത്. ഷാനിദയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നൗഫലിനോട് മര്യാദക്ക് നില്‍ക്കാന്‍ പറയണം ഇല്ലെങ്കില്‍ വിവരം അറിയുമെന്ന് ആക്രോശിച്ചെത്തിയ അക്രമി കഴുത്തു ഞെരിച്ചെന്നും ബഹളംവച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടെന്നു ഷാനിദ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ലാബിനുള്ളിലേക്ക് ഒരാള്‍ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് തനിക് അറിയില്ലെന്നും ശാനിദ വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസം നാമനിര്‍ദേശ പട്ടിക സൂക്ഷ്മപരിശോധന സമയത്ത് എതിര്‍ പാര്‍ട്ടിയിലെ ചിലരുമായി നൗഫല്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അതിന്റെ വൈരാഗ്യമാണ് ആക്രമണമെന്ന് സംശയിക്കുന്നതായി ഇവര്‍ പറയുന്നു.

 

തിരുവമ്പാടി എസ് ഐ നിജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരികയാണ്.