മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള നീക്കമാണെന്ന് കെ. സുരേന്ദ്രന്‍

പൊലീസ് ആക്ട് ഭേദഗതി ആശങ്ക വേണ്ടെന്നും,പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

സംസ്ഥാന പൊലീസ് ആക്ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണ്. ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് മുഖ്യമന്ത്രി ഭേദഗതി കൊണ്ടുവന്നത്. സമൂഹ മാധ്യമങ്ങളെ മാത്രമല്ല മുഖ്യധാര മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള നീക്കമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, പൊലീസ് ആക്ടിലെ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന ആക്ഷേപങ്ങള്‍ക്കിടെ, നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനം പുറത്തിറങ്ങി. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റമാകും. എന്നാല്‍, സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ചെറുക്കാന്‍ പര്യാപ്ത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തില്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പൊലീസ് ആക്ട് ഭേദഗതി ആശങ്ക വേണ്ടെന്നും,പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.