അമിത് ഷായ്‌ക്കെതിരേ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍.

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് റോഡിലൂടെ നടന്നുപോവുന്നതിനിടെ പ്ലക്കാര്‍ഡ് എറിഞ്ഞ നംഗനല്ലൂരിലെ ദുരൈരാജി(67)നെയാണ് മീനമ്പാക്കം പോലിസ് അറസ്റ്റ് ചെയ്തത്. പ്ലാക്കാര്‍ഡ് അമിത് ഷായുടെ അകലെ വീണെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ പ്ലക്കാര്‍ഡ് എറിഞ്ഞത് നംഗനല്ലൂരിലെ ദുരൈരാജാണ് തിരിച്ചറിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇയാളെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ദുരൈരാജ് ഈയിടെ ടി നഗറിലെ ബിജെപി സംസ്ഥാന ഓഫിസായ കമലാലയത്തിലെത്തുകയും നരേന്ദ്ര മോദി പ്രധാനമന്ത്രി അധികാരമേറ്റപ്പോള്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല, നംഗനല്ലൂരിന് സമീപം നടന്ന ബിജെപി പരിപാടിക്കിടെ ദുരൈരാജ് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ദുരൈരാജിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, മാനസിക പ്രശ്‌നമുള്ളയാളാണ് ദുരൈരാജെന്നും പോലിസ് സംശയിക്കുന്നുണ്ട്.