സമസ്ത കേരള മുശാവറ അംഗം കാളാവ് സെയ്തലവി മുസ്ല്യാര്‍(73) അന്തരിച്ചു.

മക്കരപറമ്പ്(മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ മുശാവറ അംഗവും അബൂദബി കേന്ദ്രീകരിച്ചുള്ള സുന്നി സെന്റര്‍ ജംഇയ്യത്തുല്‍ ഉലമ ഇസ് ലാമിക് സെന്റര്‍ സ്ഥാപകനുമായ കാളാവ് സെയ്തലവി മുസ്ല്യാര്‍(73) അന്തരിച്ചു.

ദിവസങ്ങളായി രോഗബാധിതനായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രി 7.45ഓടെയാണ് മരണപ്പെട്ടത്. മഞ്ചേരി നെല്ലിക്കുത്ത് പരേതരായ പാലക്കതൊണ്ടി അഹമ്മദ്-അങ്ങാടിപ്പുറം പുത്തനങ്ങാടി പുല്ലൂര്‍ ശക്കാട്ടില്‍ ആയിശ ദമ്പതികളുടെ മൂത്ത മകനായി 1947ലാണ് ജനനം. തമിഴ്‌നാട് നീലഗിരി, മാളിയേക്കല്‍, കരുളായി, മോങ്ങം, കാനര്‍, തിരൂര്‍, തലക്കടത്തൂര്‍, പുന്നിയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നെല്ലിക്കുത്ത് ബാപ്പുട്ടി മുസ് ല്യാരുടെ ശിഷ്യനായി ദര്‍സ് പഠനവും ദീനീ സേവനവും നടത്തി. 1965 മുതല്‍ കര്‍ണാടക കൊടക്, ഉദുക്കേരി, തൃശൂര്‍ വടക്കേപൂന്നിയൂര്‍ എന്നിവിടങ്ങളില്‍ മദ്‌റസ പ്രധാന അധ്യാപകന്‍, മസ്ജിദ് ഇമാം, മഹല്ല് ഖത്തീബ് നിലകളില്‍ സേവനമനുഷ്ഠിച്ചു. രാമപുരം നാറാണത്ത് മേലേച്ചോലയിലാണ് താമസിച്ചിരുന്നത്. പിന്നീട് മക്കരപറമ്പ് കാളാവിലേക്ക് താമസം മാറ്റി.