കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവർത്തിച്ചു.

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്. ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐഎംഎഫ് പോലുള്ള ലോകത്തിന്‍റെ പ്രധാന ആശ്രയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ജി20 തീരുമാനം. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇത്തരം സ്ഥാപനങ്ങളെ അവഗണിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഐക്യകണ്ഠേനയുള്ള തീരുമാനമെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞു.

കോവിഡ് വാക്സിൻ കണ്ടെത്തുന്നതിനുള്ള ആഗോള സഖ്യത്തിന് ബാക്കി വേണ്ട തുക അംഗ രാജ്യങ്ങൾ കണ്ടെത്തും. ജി20ക്ക് മാത്രം കിട്ടിയതു കൊണ്ട് കാര്യമില്ല. ലോകത്തെല്ലായിടത്തും എത്തണം. അതിനാണ് ശ്രമമെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞു.

പിന്നോക്ക രാജ്യങ്ങളെ പരിഗണിക്കാതെ കോവിഡ് സാഹചര്യത്തിൽ ഒരു ശക്തിക്കും വളരാനാകില്ലെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. അടുത്ത ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന ഇറ്റലിക്ക് സൽമാൻ രാജാവ് അധ്യക്ഷ സ്ഥാനം കൈമാറി.