ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്.

ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും.

ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സര്‍വീസുകള്‍ നടത്തുക.


കൊവിഡ് പശ്ചാത്തലത്തില്‍ ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി റെയില്‍വേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂര്‍വസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവില്‍ പരിഹരിക്കപ്പെടുന്നത്.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണത്തില്‍ റെയില്‍വേ കഴിഞ്ഞ മാസം മാറ്റം കൊണ്ടുവന്നിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്നതാണ് പുതിയ മാറ്റം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കാവുന്നതാണ്.