ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന്, എ പി അബ്ദുല്ലക്കുട്ടി.

ബി ജെ പി ഉയര്‍ത്തുന്ന മുഖ്യവിഷയം ശബരിമലയിലെ സ്ത്രീ പ്രവേശം തന്നെയാണ്.

മലപ്പുറം: ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. വണ്ടൂരില്‍ നടന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ വികസന മുദ്രാവാക്യങ്ങള്‍ക്ക് ഒപ്പം ബി ജെ പി ഉയര്‍ത്തുന്ന മുഖ്യവിഷയം ശബരിമലയിലെ സ്ത്രീ പ്രവേശം തന്നെയാണ്. ശബരിമല മറക്കരുത് എന്ന് അബ്ദുല്ലക്കുട്ടി ഓര്‍മിപ്പിച്ചു. ‘എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തന്‍മാരോട് അവര്‍ പെരുമാറിയത്. എനിക്ക് പറയാന്‍ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കില്‍ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക എന്നാണ്’ – സിപിഎമ്മിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി കോണ്‍ഗ്രസിലെത്തി പിന്നെ ബിജെപി ദേശീയ നേതാവായി മാറിയ അബ്ദുല്ലക്കുട്ടി പറഞ്ഞു.

വണ്ടൂരില്‍ ഉള്‍പ്പെടെ കേരളത്തില്‍ മുസ്‌ലീം സമുദായത്തില്‍പ്പെട്ട അറുപതോളം പേര്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ടെന്നും ബിജെപി ന്യൂനപക്ഷ വിരുദ്ധമാണ് എന്ന് പറയുന്നതിന്റെ കാലം കഴിഞ്ഞുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.