പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും സ്വമേധയാ കേസെടുക്കരുതെന്നും പൊലീസിന് നിർദേശം നൽകി.

പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ ഇന്നലെ പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കാര്യത്തിൽ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ 118 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ് റഹ്മാൻ പരാതിപ്പെട്ടിരുന്നു. നിയമഭേദഗതി പ്രകാരം വരുന്ന ആദ്യ പരാതിയായിരുന്നു ഇത്. നിലവിൽ നിയമഭേദഗതിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചതോടെ ഈ കേസിലടക്കം നടപടിയെടുക്കാൻ പൊലീസിന് സാധിക്കില്ല