സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലിം- നസീറാ ദമ്പതികളുടെ മകന്‍ മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്. കല്ലാര്‍ വാമനപുരം ആറ്റിലാണ് മുഹമ്മദ് കൈഫ് മുങ്ങിമരിച്ചത്.

കൂട്ടുകാരുമൊത്ത് വിതുര ആനപ്പാറയ്ക്കടുത്തുള്ള കല്ലാറില്‍ കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ നിലവിളിച്ചതു കേട്ട് പരിസരവാസികളെത്തിയപ്പോഴേക്കും കൈഫ് മുങ്ങിത്താഴ്ന്നിരുന്നു. പോലിസും ഫയര്‍ഫോഴ്സും റെസ്‌ക്യൂ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മുഹമ്മദ് കൈഫിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് കൈഫ് ആനിമേഷന്‍ വിദ്യാര്‍ഥിയാണ്. മുന്ന, കൈസ് എന്നിവരാണ് സഹോദരങ്ങള്‍.