പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ നീക്കി

മലപ്പുറം: പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വടക്കേമണ്ണ, വലിയാട്, ഇന്ത്യനൂര്‍, കൂരിയാട്, കുളത്തൂപറമ്പ്, കോട്ടക്കല്‍ പുത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളും പോസ്റ്ററുകളുമാണ് എടുത്ത് മാറ്റിയത്. തെരഞ്ഞെടുപ്പ് മാതൃകപെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് നടപടി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാതൃകപെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി.

റോഡുകള്‍,കെട്ടിടങ്ങള്‍ അടക്കമുള്ള പൊതു ഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, എഴുത്തുകള്‍ എന്നിവ അതത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നീക്കം ചെയ്യണം. നീക്കം ചെയ്യാത്തവ ആന്റീ ഡീഫേഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യും.

ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയേക്കാള്‍ കൂടുതല്‍ ചെലവഴിച്ചാല്‍ അയോഗ്യതക്ക് കാരണമാകും.