പ്രളയത്തില്‍ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരിലെ കടമുറിക്കുള്ളില്‍

വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ ഭക്ഷ്യ കിറ്റുകളും തുണികളും ഉള്‍പ്പടെയുള്ളവയാണ് വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചത്.

മലപ്പുറം: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരില്‍ കടമുറിക്കുള്ളില്‍ കൂട്ടിയിട്ടതായി കണ്ടെത്തി. വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ ഭക്ഷ്യ കിറ്റുകളും തുണികളും ഉള്‍പ്പടെയുള്ളവയാണ് വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചത്. വയനാട് എംപി എന്ന് മുദ്ര ചെയ്ത കിറ്റുകളും കേരള തമിഴ്‌നാട് ഫ്‌ളഡ് റിലീഫ് എന്ന് എഴുതിയ കിറ്റുകളും ഇക്കൂട്ടത്തിലുണ്ട്. ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

പൂട്ടി കിടക്കുന്ന മുറി വാടകക്ക് നല്‍കാന്‍ വേണ്ടി ഉടമസ്ഥര്‍ തുറന്നപ്പോഴാണ് മുറിനിറയെ പ്രളയ ദുരിതാശ്വ കിറ്റുകള്‍ കൂട്ടിയിട്ടത് കണ്ടത്. പ്രളയ സമയത്ത് എത്തിച്ച കിറ്റുകള്‍ ഏറ്റുവാങ്ങിയ ശേഷം പിന്നീട് മറിച്ചു വില്‍പ്പന നടത്താന്‍ വേണ്ടി കൂട്ടിയിട്ടതാകുമെന്നാണ് കരുതുന്നത്.ഭക്ഷ്യ സാധനങ്ങള്‍ ആര്‍ക്കും ഉപകരിക്കാതെ നശിപ്പിച്ചതിന് കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു