നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട, നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാവിലെയോടെ തന്നെ, കാറ്റ് അതിതീവ്രരൂപം പ്രാപിയ്ക്കും. ഇതേ അവസ്ഥയിലായിരിയ്ക്കും കരയിലെത്തുക. അതുകൊണ്ടുതന്നെ മണിക്കൂറിൽ 130 മുതൽ 145 കിലോമീറ്റർ വരെ വേഗമുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്
പുതുച്ചേരിയിലെ കാരയ്ക്കാൽ മുതൽ തമിഴ്നാട്ടിലെ മഹാബലിപുരം വരെയുള്ള 250 കിലോമീറ്റർ കടലോര മേഖലയിലാകും കാറ്റ് കര തൊടുക. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. കടലോര മേഖലയിൽ താമസിയ്ക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. പുതുച്ചേരിയിൽ നിരോധനാജ്ഞയും തമിഴ്‍നാട്ടിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയാണ് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 22 സംഘങ്ങൾ സേവനത്തിലുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.