നഗരസഭയിൽ കുടമയം
മഞ്ചേരി: നഗരസഭയിൽ കുട ചിഹ്നവുമായി മത്സരിക്കുന്നത് 31 സ്ഥാനാർഥികളാണ്. അതുകൊണ്ടുതന്നെ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രരുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. വലിയ പ്രതിസന്ധി മൈക്ക് പ്രചാരണസമയത്താണ്. വാർഡുകളുടെ അതിർത്തികളിലെത്തുമ്പോൾ നോക്കിയുംകണ്ടും വിളിച്ചുപറഞ്ഞില്ലെങ്കിൽ എതിർസ്ഥാനാർഥിക്ക് വോട്ടുപിടിക്കുന്നതിന് തുല്യമാവും. അവിടങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നം പറയാതെ പേരുമാത്രം പറഞ്ഞ് പോകാനാണ് ശ്രമം.
ഇടതുമുന്നണി സ്ഥാനാർഥികളിൽ പകുതിയോളം സ്വതന്ത്രരാണ്. ഇവർക്ക് ലഭിച്ചത് കുടയാണ്. മറ്റുസ്വതന്ത്രർക്കും ഇതേ ചിഹ്നം ലഭിച്ചിട്ടുണ്ട്. ഒരു വാർഡിൽ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയും തൊട്ടടുത്ത വാർഡുകളിൽ മറ്റുസ്വതന്ത്രരും കുട ചിഹ്നത്തിൽ മത്സരിക്കുന്നു. 12,13- വാർഡുകളിൽ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥികൾ കുടയുടെ പേരിൽ വോട്ടുചോദിക്കുമ്പോൾ തൊട്ടപ്പുറത്ത് 15-ാം വാർഡിൽ മറ്റൊരു സ്വതന്ത്രൻ കുടചൂടി വോട്ടുചോദിക്കുന്നുണ്ട്.
വാർഡ് 16-ൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ അപരന് ലഭിച്ച ചിഹ്നവും കുടയാണ്. വാർഡ് 17-ൽ യു.ഡി.എഫ്. പൊതുസ്വതന്ത്രൻ മത്സരിക്കുന്നതും ഇതേ ചിഹ്നത്തിൽ. 21-ലെ സ്വതന്തനും 23-ലെ ഇടതുസ്വതന്ത്രയും 25-ലെ യു.ഡി.എഫ്. പൊതുസ്വതന്ത്രയും മത്സരിക്കുന്നത് കുടയിൽത്തന്നെ.