പെൺകുട്ടിയുടെ മൃതദേഹം തെരുവ്നായ കടിച്ചുവലിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവ്നായ് കടിച്ചുവലിച്ചു. യു.പി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
ആശുപത്രി വരാന്തയിൽ സ്ട്രെക്ചറിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൃതദേഹത്തിൽ തെരുവ്നായ് നക്കുന്ന വിഡിയോ പുറത്തുവന്നു. വ്യാഴാഴ്ച റോഡ് അപകടത്തെ തുടർന്ന് പെൺകുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് പെൺകുട്ടി മരിച്ചിരുന്നോവെന്ന കാര്യം വ്യക്തമല്ല.
സ്ട്രക്ചറിൽ വെളുത്ത തുണി പുതപ്പിച്ച് കിടക്കുന്ന മൃതദേഹത്തിൽ നായ് നക്കുന്ന 20 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. ‘ഒന്നര മണിക്കൂറോളം പെൺകുട്ടിയെ ആരും ശ്രദ്ധിച്ചില്ല. ഇത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്’ -പെൺകുട്ടിയുടെ പിതാവ് സൂചിപ്പിച്ചു.