പെൺകുട്ടിയുടെ മൃതദേഹം തെരുവ്​നായ കടിച്ചുവലിച്ചു

ലഖ്​നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവ്​നായ്​ കടിച്ചുവലിച്ചു. യു.പി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ്​ സംഭവം.

 

ആശുപത്രി വരാന്തയിൽ സ്​ട്രെക്​ചറിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൃതദേഹത്തിൽ തെരുവ്​നായ്​ നക്കുന്ന വിഡിയോ പുറത്തുവന്നു. വ്യാഴാഴ്​ച റോഡ്​ അപകട​​ത്തെ തുടർന്ന്​ പെൺകുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന്​ മുമ്പ്​ പെൺകുട്ടി മരിച്ചിരു​ന്നോവെന്ന കാര്യം വ്യക്തമല്ല.

 

സ്​ട്രക്​ചറിൽ വെളുത്ത തുണി പുതപ്പിച്ച്​ കിടക്കുന്ന മൃതദേഹത്തിൽ നായ്​ നക്കുന്ന 20 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോയാണ്​ പുറത്തുവന്നത്​. ആശുപത്രി അധികൃതരുടെ അനാസ്​ഥക്കെതിരെ പെൺകുട്ടിയുടെ കുടുംബം രം​ഗത്തെത്തി. ‘ഒന്നര മണിക്കൂറോളം പെൺകുട്ടിയെ ആരും ശ്രദ്ധിച്ചില്ല. ഇത്​ ആശുപത്രി അധികൃതരുടെ അനാസ്​ഥയാണ്​’ -പെൺകുട്ടിയുടെ പിതാവ്​ സൂചിപ്പിച്ചു.