ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ്: ക്ലോസ് സർക്യൂട്ട് ടിവി ഘടിപ്പിക്കുന്നതിനിടയിൽ തെന്നിവീണ് തലച്ചോറിന് ക്ഷതമേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിയും വെളിമുക്കിൽ സ്ഥിരതാമസക്കാരനുമായ ഫൈസൽ പറമ്പൻ (42) ആണ് റിയാദ് മൻഫുഅയിലെ അൽഇൗമാൻ ആശുപത്രിയിൽ മരിച്ചത്. സി.സി.ടിവി ടെക്നീഷ്യനായ ഫൈസൽ ഇൗ മാസം 16ന് മൻഫുഅ ഹരാജിലുള്ള ഒരു കടയിൽ കാമറകൾ ഘടിപ്പിക്കുന്നതിനിടയിൽ തലകറക്കമുണ്ടായി മൂന്ന് മീറ്റർ ഉയരമുള്ള കോണിയിൽ നിന്ന് നിലത്തുവീഴുകയായിരുന്നു.
വീഴുന്നതിനിടയിൽ തല കോൺക്രീറ്റ് പടിക്കെട്ടിൽ ഇടിച്ച് ഗുരുതര പരിക്കേറ്റു. അപ്പോൾ തന്നെ ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 10 ദിവസത്തിനിടയിൽ ഒരിക്കൽ പോലും ബോധം തെളിഞ്ഞില്ല. രണ്ട് ദിവസം മുമ്പ് മസ്തിഷ്ക മരണം സംഭവിച്ചു. വ്യാഴാഴ്ച മരണം സ്ഥിരീകരിച്ചു. മൃതദേഹം റിയാദിൽ ഖബറടക്കും.
2003 മുതൽ റിയാദിൽ പ്രവാസിയാണ് ഫൈസൽ. സാമൂഹിക പ്രവർത്തകൻ കൂടിയായ യുവാവ് ചെമ്മാട് പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവർത്തകനാണ്. പറമ്പൻ മൊയ്ദീൻ, ഫാത്വിമ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഫസീല യാറത്തുംപടി, മക്കൾ: ഫസൽ നിഹാൻ, ഫിസാന ഫെമി, ഫൈസൻ ഫൈസൽ. സഹോദരൻ ശംസുദ്ദീൻ പറമ്പൻ റിയാദിലുണ്ട്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ചെമ്മാട് കൂട്ടായ്മ പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, സെക്രട്ടറി മുനീർ മക്കാനിയത്ത് എന്നിവർ രംഗത്തുണ്ട്.
മസ്തിഷ്ക മരണം സംഭവിച്ചതിനാൽ ബന്ധുക്കൾ അവയദാനത്തിന് അനുമതി നൽകിയിരുന്നു. വ്യാഴാഴ്ച മരണം സ്ഥിരീകരിച്ചതോടെ റിയാദിലെ ആശുപത്രിയിൽ അവയവദാനം നടത്തി. അഞ്ചുപേർക്കാണ് ഫൈസലിന്റെ അവയവങ്ങൾ മാറ്റിവെക്കുന്നത്.