ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം.

ബ്വേനസ്​ എയ്​റീസ്​​: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം. ബ്വേനസ്​ എയ്​റീസിലെ ബെല്ല വിസ്​ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്​കാര ചടങ്ങുകൾ നടന്നു.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്​കാരം. സംസ്​കാരചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ പ​ങ്കെടുത്തത്​.

അവസാനമായി മറഡോണയെ ഒരു​ നോക്ക്​ കാണാൻ പതിനായിരങ്ങളാണ്​ തലസ്ഥാന നഗരമായ ബ്വേനസ്​ എയ്​റീസിലേക്ക്​ ഒഴുകിയെത്തിയത്​. പ്രസിഡൻഷ്യൽ പാലസിലായിരുന്നു പൊതുദർശനം. മറഡോണയെ അവസാനമായി കാണാനെത്തിയ ആളുകളുടെ നിര കിലോ മീറ്ററുകൾ നീണ്ടു. മറഡോണയുടെ മരണത്തെ തുടർന്ന്​ അർജൻറീനയിൽ മൂന്ന്​ ദിവസത്തെ ദുഃഖാചരണം തുടരുകയാണ്​.

ബുധനാഴ്ച സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തി​െൻറ അന്ത്യം. തലച്ചോറിലെ രക്​തസ്രവത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്​ച മുമ്പായിരുന്നു ആശുപത്രി വിട്ടിരുന്നത്​. വീട്ടിൽ വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.