സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്‌.

മലപ്പുറം: തിരൂർ സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്‌. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം ഐ ആരിഫിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇദ്ദേഹത്തിന്റെ സ്വദേശമായ ആലുവയിലെയും ഇപ്പോൾ താമസിക്കുന്ന കോഴിക്കോട്ടെയും വസതികളിൽ റെയ്‌ഡ്‌ നടത്തി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്‌പി എസ് ഷാനവാസാണ്‌ നേതൃത്വം നൽകിയത്‌.

കഴിഞ്ഞ 10 വർഷത്തിനിടെ ആരിഫ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് വിജിലൻസ്. തിരൂർ സബ് ആർടിഒ ഓഫീസിലെ പരിശോധന ഒരു മണിക്കൂർ നീണ്ടു. കോഴിക്കോട്ടെ വസതിയിൽ പകൽ 11നാണ് പരിശോധന ആരംഭിച്ചത്.

ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ പരിശോധിച്ചത്. പരിശോധന നടക്കുമ്പോൾ വീട്ടിലില്ലാതിരുന്ന ആരിഫിനെ വിജിലൻസ് വിളിച്ചുവരുത്തി. പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം തുടർ നടപടി സ്വീകരിക്കും. എംവിഐ ആരിഫ് നിലവിൽ അവധിയിലാണ്