ബോളിവുഡ് താരം രാഹുല്‍ റോയിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

1990കളില്‍ പുറത്തിറങ്ങിയ 'ആഷിഖി'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍.

മുംബൈ: പ്രമുഖ ബോളിവുഡ് താരം രാഹുല്‍ റോയിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1990കളില്‍ പുറത്തിറങ്ങിയ ‘ആഷിഖി’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കാര്‍ഗിലില്‍ ആയിരുന്നു താരം. ഇവിടെ നിന്ന് മടങ്ങിവന്നശേഷമാണ് 52കാരനായ താരത്തിന് ബ്രെയിന്‍ സ്‌ട്രോക് സംഭവിച്ചത്.

താരത്തിനുണ്ടായ രോഗാവസ്ഥ സംബന്ധിച്ച് സഹോദരനും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ നാനാവതി ആശുപത്രിയില്‍ ഐസിയുവില്‍ തുടരുന്ന രാഹുലിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. കാര്‍ഗിലിലെ അതിശൈത്യ കാലാവസ്ഥയാണ് ആരോഗ്യസ്ഥിതി വഷളാക്കിയതെന്നാണ് കരുതപ്പെടുന്നത്.

‘കാര്‍ഗിലില്‍ ഷൂട്ടിഗ് കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം മടങ്ങിയെത്തിയത്. പിന്നാലെ ബ്രെയിന്‍ സ്‌ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ സുരക്ഷിതനാണ്. നില മെച്ചപ്പെട്ടു വരുന്നുണ്ട്. പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ കുറച്ച് സമയമെടുക്കും’. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘ആഷിഖി’എന്ന ചിത്രത്തിലൂടെ തന്റെ ഇരുപത്തിരണ്ടാം വയസിലാണ് രാഹുല്‍ റോയി ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. മ്യൂസിക്കല്‍ ബ്ലോക്ക്ബസ്റ്ററായ ആഷിഖിലെയും ഗാനങ്ങള്‍ ഇപ്പോഴും പലര്‍ക്കും പ്രിയപ്പെട്ടതാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണ്‍ വിജയി കൂടിയാണ് രാഹുല്‍