കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് പരാതി.

മാനന്തവാടി: നല്ലൂര്‍നാട് ആദിവാസി ഹോസ്റ്റലില്‍ സജ്ജീകരിച്ച കൊവിഡ് പ്രാഥമികചികില്‍സാ കേന്ദ്രത്തിലാണ് രോഗികള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നത്. അധികാരികളുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് രോഗികള്‍ ഭക്ഷണം ബഹിഷ്‌കരിക്കുകയും ചെയ്തു. നിലവില്‍ 90 ലധികം രോഗികളാണ് ചികില്‍സാകേന്ദ്രത്തിലുള്ളത്. ഇതില്‍ മൂന്ന് ഗര്‍ഭിണികളും നാലോളം ചെറിയ കുട്ടികളുമാണ്. പലപ്പോഴും രോഗികള്‍ക്ക് കഴിക്കാന്‍ പറ്റാത്തവിധത്തിലുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് രോഗികള്‍ പറയുന്നു. Also Read – ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷാഭീഷണികള്‍ നേരിടാന്‍ നാവിക സേന കൂടുതല്‍ സന്നാഹം ഒരുക്കും: ദക്ഷിണ മേഖല നാവികസേനാ മേധാവി ചോറിനാവശ്യമായ കറി പോലും ലഭിക്കാറില്ല. രാത്രിയില്‍ പഴകിയ കഞ്ഞി നല്‍കിയതായും പരാതിയുണ്ട്. ഇന്നലെ രാവിലെ എട്ടുമണിക്കുള്ള ഭക്ഷണമെത്തിയത് 9 മണിക്കാണ്. ഉച്ചഭക്ഷണം രണ്ടുമണി കഴിഞ്ഞെത്തിയപ്പോള്‍ മുഴുവന്‍ പേര്‍ക്കും തികഞ്ഞില്ലെന്നും പരാതി ഉയരുന്നു. കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും പരിഹാരമുണ്ടാവാത്ത പശ്ചാത്തലത്തിലാണ് ഭക്ഷണം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ വൈകുന്നേരത്തെ ചായയാണ് ബഹിഷ്‌കരിച്ചത്. ഭക്ഷണത്തിന്റെ ചുമതല സ്വകാര്യവ്യക്തിയെ ആണ് എടവക പഞ്ചായത് ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ആരോഗ്യവകുപ്പ് നിര്‍ദേശിച്ച പ്രകാരമുള്ള ഭക്ഷണമല്ല രോഗികള്‍ക്ക് നല്‍കുന്നതെന്നാണ് പരാതി ഉയരുന്നത്. കൊവിഡ് കേന്ദ്രത്തില്‍ ഭക്ഷണം ബഹിഷ്‌കരിച്ച വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണത്തിനെത്തുകയും രോഗികളുമായി സംസാരിക്കുകയും ചെയ്തു. കേന്ദ്രത്തിലെ രോഗികള്‍ ഒപ്പിട്ട പരാതി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറിയിരിക്കുകയാണ്. വസ്തുകതകള്‍ ബോധ്യപ്പെട്ടതോടെ വരുംദിവസങ്ങളില്‍ നല്ല ഭക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍. വിഷയം ശ്രദ്ധയില്‍പെട്ടതായും ആവശ്യമെങ്കില്‍ കരാറുകാരനെ മാറ്റുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.