വോട്ടര്‍ ബോധവത്കരണം: ഡമ്മി ബാലറ്റ് പേപ്പറും ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കാം
യഥാര്‍ത്ഥ ബാലറ്റു യൂനിറ്റുകളുടെ നിറത്തിലാകാന് പാടില്ല.
സ്ഥാനാര്ത്ഥികള്ക്കും രാഷ്ട്രീയ കക്ഷികള്ക്കും വോട്ടര്മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂനിറ്റുകളും വ്യവസ്ഥകള് പാലിച്ച് ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല് ബാലറ്റ് പേപ്പറിനോട് സാമ്യമുണ്ടാകാന് പാടില്ല. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷനുകള് എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകള്ക്ക് ആകാശ നീലയും ബ്ലോക്ക് പഞ്ചായത്തുകള്ക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ളത്. അതിനാല് വെള്ള, നീല, പിങ്ക് നിറങ്ങളൊഴികെയുള്ള നിറങ്ങളില് ഡമ്മി ബാലറ്റ് പേപ്പര് അച്ചടിക്കാം. ഒരു സ്ഥാനാര്ത്ഥി തന്റെ പേര് ബാലറ്റ് പേപ്പറില് എവിടെ വരുമെന്ന് സൂചിപ്പിക്കാന് സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര് അച്ചടിക്കുന്നതിന് തടസമില്ല. എന്നാല് അതേ നിയോജകമണ്ഡലത്തില് മത്സരിക്കുന്ന മറ്റു സ്ഥാനാര്ത്ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന് പാടില്ല. യഥാര്ത്ഥ ബാലറ്റു യൂനിറ്റുകളുടെ പകുതി വലിപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്മ്മിച്ചതുമായ ഡമ്മി ബാലറ്റു യൂനിറ്റുകള് ഉപയോഗിക്കാം. എന്നാല് ഇത് യഥാര്ത്ഥ ബാലറ്റു യൂനിറ്റുകളുടെ നിറത്തിലാകാന് പാടില്ല.