നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ മലപ്പുറം പോലീസ് പിടിയിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ (30), നറുകര അത്തിമണ്ണിൽ അനസ് (30), പാണ്ടിക്കാട് മിനാട്ടുകുഴി സിദ്ദീഖ് (32) എന്നിവരാണ് പിടിയിലായത്. മഞ്ചേരി നെല്ലിക്കുത്തിൽനിന്നാണ് സംഘത്തെ പിടിച്ചത്.

 

സംഭവത്തിൽ നറുകര സ്വദേശിയായ മറ്റൊരു യുവാവിനെക്കൂടി പോലീസ് തിരയുന്നുണ്ട്. മലപ്പുറം കുന്നുമ്മലിൽവെച്ചാണ് ചെമ്മങ്കടവ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയത്.

 

തുടർന്ന് മഞ്ചേരി തുറക്കലുള്ള വീട്ടിൽവെച്ച് ദേഹോപദ്രവം ഏൽപ്പിച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരൻ സാമൂഹികമാധ്യമത്തിലൂടെ സന്ദേശം അയച്ചതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പോലീസ് പറഞ്ഞു.

 

സംഘം കൃത്യത്തിനുപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തു. സി.ഐ എ. പ്രേംജിത്ത്, എസ്.ഐമാരായ എം. മുഹമ്മദ് അലി, ടി.എ. മുഹമ്മദ്, എ.എസ്.ഐ പി. ബൈജു, എസ്.സി.പി.ഒ രജീഷ്, ശഫീഖ്, രതീഷ് എന്നിവരായിരുന്നു സംഘത്തിൽ.