കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണക്കടത്ത് ടീം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണകള്ളക്കടത്ത് ടീം ആണെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. സമഗ്ര വികസനം കൊതിക്കുന്ന കേരളത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ സമ്മാനിച്ചത് മുരടിപ്പിക്കുന്ന വികസനമാണെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള ജനത ഇതിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മുതല്‍ ഏറ്റവും താഴെയുള്ള ഉദ്യോഗസ്ഥന്‍ വരെ അഴിമതിയുടെ വ്യക്താക്കളായി മാറിയിരിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ എം കെ മുഹ്്‌സിന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്്‌ലീം ലീഗ് ജന. സെക്രട്ടറി കെ എന്‍ എ ഹമീദ് മാസ്റ്റര്‍, സെക്രട്ടറി എം പി മുഹമ്മദ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി പി ഷാജി, സ്ഥാനാര്‍ത്ഥികളായ കെ എന്‍ ഷാനവാസ്, കെ ടി റബീബ്, എം ടി ബഷീര്‍, സലീന ടീച്ചര്‍, സക്കീന പുല്‍പ്പാടന്‍, അഡ്വ. സി എച്ച് ഫസല്‍ റഹ്്മാന്‍, പി പി ഹംസ, സി എച്ച് ഹക്കീം, നാസര്‍ ചെമ്മങ്കടവ്, റഷീദ് , സല്‍മാന്‍, ഹാരിസ് പി പി, ഹസീന ഫ്‌ളോര്‍ എന്നിവര്‍ പങ്കെടുത്തു.