22 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപ വില വരുന്ന 441.20 ഗ്രാം സ്വര്‍ണം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11.30 മണിക്ക് ദുബായില്‍ നിന്ന് കോഴിക്കോടെത്തിയ ഫ്‌ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് തെരച്ചില്‍ നടത്തിയത്.

 

കാസര്‍ഗോഡ് സ്വദേശിയായ 57 വയസുള്ള യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇതില്‍ 433ഗ്രാം സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളിലായിരുന്നു. 29.99 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ നാണയവും, 30.11 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ മോതിരവും പേഴ്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 381.11 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

 

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ കെ കെ, ഇന്‍സ്‌പെക്ടര്‍മാരായ ഇ മുഹമ്മദ് ഫൈസല്‍, പ്രതീഷ് എം, സന്തോഷ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്