ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ നടപടികൾ സ്വീകരിച്ചതായി പോലീസ് മേധാവി
പ്രശ്നബാധിത ബൂത്തുകളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 16,968 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 66 ഡിവൈ.എസ്.പിമാര്‍, 292 ഇന്‍സ്പെക്ടര്‍മാര്‍, 1,338 എസ്.ഐ/എ.എസ്.ഐ മാർ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 1,404 ഹോം ഗാര്‍ഡുമാരേയും 3,718 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് നിശ്ചിത സ്ഥലങ്ങളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ സുഗമമായ വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിവിധതലങ്ങളില്‍ പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസിന്റെ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു.
അഞ്ചു ജില്ലകളേയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പോലീസിനെ നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ എട്ട് കമ്പനി സ്ട്രൈക്കിംഗ് ഫോഴ്സിനെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. സോണല്‍ ഐജി, ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പോലീസുകാര്‍ സ്ട്രൈക്കിംഗ് ഫോഴ്സായി രംഗത്തുണ്ടാവും.
അഞ്ച് ജില്ലകളിലേയും പ്രശ്നബാധിത ബൂത്തുകളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 1,722 പ്രശ്നബാധിത ബൂത്തുകള്‍ ഉള്ളതായാണ് പോലീസ് കണക്കുക്കൂട്ടിയിരിക്കുന്നത്. പരമാവധി 13 വരെ ബൂത്തുകള്‍ ഉള്‍പ്പെടുത്തി 716 ഗ്രൂപ്പ് പട്രോള്‍ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിന് ഒരു പോലീസ് സ്റ്റേഷനില്‍ രണ്ട് വീതം 354 പ്രത്യേക പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാവുമെന്ന് ഐ.ജി പറഞ്ഞു.
പോലീസിന്‍റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഐ.ജി പി.വിജയന്‍റെ നേതൃത്വത്തില്‍ പ്രത്യേക ഇലക്ഷന്‍ സെല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.