യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി
യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി. യുഎഇയില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള വളരം ചുരുക്കം ചില വനിതകളിലൊരാളായ സുജാ തങ്കച്ചന്‍ എന്ന മലയാളി യുവതിക്ക് ഇനി രാജ്യത്തെ ആദ്യത്തെ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ എന്ന ബഹുമതി കൂടി.
ദുബായ് ഖിസൈസിലെ ദ് മില്ലെനിയം സ്‌കൂള്‍ ബസ് കണ്ടക്ടറായിരുന്ന കൊല്ലം കുരീപ്പുഴ തൃക്കടവൂര്‍ സ്വദേ.ശിനി സുജാ തങ്കച്ചന്‍ ഒരു വര്‍ഷം മുന്‍പാണ് വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. അന്നത് വാര്‍ത്തയായതിനെ തുടര്‍ന്ന് യുഎഇയിലെ ഒട്ടേറെ സ്വകാര്യ സ്‌കൂളുകളില്‍ നിന്നും ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചുവെങ്കിലും ദ് മില്ലെനിയം സ്‌കൂളില്‍ തന്നെ തുടരാനായിരുന്നു തീരുമാനം.
പിന്നീട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ)യില്‍ നിന്നും സ്‌കൂള്‍ ബസ് ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ സുജ കഴിഞ്ഞമാസം ജോലിയില്‍ പ്രവേശിച്ചു. പക്ഷേ, ലോക് ഡൗണ്‍ ആയപ്പോള്‍ വിദ്യാലയങ്ങള്‍ അടച്ചതോടെ വളയം പിടിക്കാനുള്ള കാത്തിരിപ്പ് പിന്നെയും തുടര്‍ന്നു. താത്പര്യമുള്ളവര്‍ക്ക് സ്‌കൂളുകളില്‍ വന്ന് പഠിക്കാമെന്ന അധികൃതരുടെ അറിയിപ്പ് വന്നപ്പോള്‍ സ്‌കൂളില്‍ കുട്ടികളെത്തി. സുജ സ്വപ്നയാത്ര ആരംഭിച്ചു.
ഞാനാണ് യുഎഇയിലെ ആദ്യത്തെ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏറെ സൂക്ഷ്മയതോടെ ചെയ്യേണ്ട ജോലിയാണ് കുട്ടികളുമായുള്ള യാത്ര. അതുപക്ഷേ, ഞാന്‍ ഏറെ ആസ്വദിക്കുന്നു. അവരുടെ കളിചിരികള്‍ കേട്ടുള്ള ഈ ജോലി ഏറെ കാലം തുടരാനാകട്ടെ എന്നാണ് പ്രാര്‍ഥനസുജ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് സുജയ്ക്ക് ഹെവി ഡ്രൈവിങ് സൈലന്‍സ് കിട്ടിയത്. ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമായത്. ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴൊക്കെ തന്റെ കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങുമായിരുന്നുവെന്ന് സുജ പറയുന്നു. പക്ഷേ, ആ സീറ്റിലിരിക്കാന്‍ ഏറെ പരിശ്രമം വേണമെന്നും 33കാരിക്ക് അറിയാമായിരുന്നു. ആത്മാര്‍ഥ പരിശ്രമത്തിലൂടെ അതു സ്വന്തമാക്കുകയും ചെയ്തു.