സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

കൊല്ലം: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പനക്കത്തറ സത്യന്‍, പട്ടംതുരുത്ത് സ്വദേശിയായ തുപ്പാശേരി അശോകന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. അശോകനും സത്യനും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ കൂടി ഉണ്ടെന്നും സിപിഎം ആരോപിച്ചു.

രാത്രി 9.30 ന് വില്ലിമംഗലം എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിന് മുന്നില്‍ വെച്ചാണ് മണിലാലിന് കുത്തേറ്റത്. ഉടന്‍ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് തവണ കുത്തേറ്റതായാണ് പോലിസ് പറയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന് പോലിസ് അറിയിച്ചു.